2013 ഏപ്രിൽ 29, തിങ്കളാഴ്‌ച

മഴ...

മഴ...
പ്രണയാതുരമായ എന്റെ മനസ്സിനെ തൊട്ടുണർത്തുന്ന എകാന്തസംഗീതം...
കാവ്യമായ്, നാട്യമായ്... അവളിന്നലെ എന്നിലേക്കു പെയ്തിറങ്ങി...
കണ്ണിനും മനസ്സിനും ആനന്ദം വരുമാറ്‌...................... ....
കാതുകൾക്ക് ഇമ്പം പകരുമാറ് നിറഞ്ഞാടി...
ആ പാദധ്വനികൾക്ക് ഏഴു സ്വരങ്ങളായിരുന്നു...
മിഴികളിൽ ഏഴു വർണ്ണങ്ങളായിരുന്നു...


2013 ഏപ്രിൽ 27, ശനിയാഴ്‌ച

ഒരു തുള്ളി ....

ഒരു തുള്ളി കണ്ണീർ എനിയ്ക്കു വേണ്ടാ...
ഒരു തരി സ്നേഹവും എനിയ്ക്ക് വേണ്ടാ...
വേണ്ടതോ കേവലം മണ്ണു മാത്രം...
മയങ്ങാനൊരു പിടി മണ്ണു മാത്രം. 

2012 നവംബർ 5, തിങ്കളാഴ്‌ച

എന്റെ സ്വത്വത്തെ....

എന്റെ സ്വത്വത്തെ തേടി ഞാനലയുന്നു...
എങ്ങോ കളഞ്ഞു പോയ എന്നിലെ ഉണ്മയെ ഞാൻ തിരയുന്നു...
എവിടെയാണ് ഞാനെന്നെ മറന്നത്??!!
കിളിപ്പാട്ടും കൊഞ്ചലുമായ് നടന്നൊരെൻ മനസ്സേ,
ഇനിയും നിന്നെ പുണരാൻ ഞാൻ കൊതിക്കുന്നു...

2011 ഏപ്രിൽ 4, തിങ്കളാഴ്‌ച

രാധിക

കണ്ണന്റെ കാതരപ്രേമമാം രാധേ നീ
എന്നുമെന്നോർമ്മയിൽ തങ്ങി നിൽ‌പ്പൂ
നിൻ ഭാഗ്യ താരകം നിന്നെ പിരിഞ്ഞിതേ
ദ്വാരക തേടിയോ പോയതിന്ന് ?

വിരഹിയാം നിന്നുടെ വേദന ഞാനിന്നു
ആവാഹിക്കുന്നിതെന്നാത്മാവിലും
ആത്മനാഥൻ തന്നെ പോയിതേ – എന്നെയും
നിന്നെപ്പോൽ ചിന്തയിൽ ഏകയാക്കി

2011 മാർച്ച് 26, ശനിയാഴ്‌ച

മനസ്സ്

ഇപ്പോൾ ഞാൻ ശൂന്യമാണ്. അമ്പൊഴിഞ്ഞ ആവനാഴി പോലെ, ആയുധം നഷ്ടപ്പെട്ട പോരാളിയെപ്പോലെ, ദേഹിയെ നഷ്ടപ്പെട്ട ദേഹത്തെപ്പോലെ ഞാനും നഷ്ടപ്പെട്ടിരിക്കുന്നു. ഒരുപക്ഷേ ഇനിയൊരു നാൾ ഞാൻ പുനർജ്ജനിച്ചേക്കാം.മനസ്സു വീണ്ടും നിറഞ്ഞേക്കാം.


ഏകാന്തതയെ ഞാനേറെ സ്നേഹിച്ചു തുടങ്ങിയിരിക്കുന്നു. ഏകാന്തമായ ഓരൊ സമയത്തും വാചാലയായിരിക്കാൻ ഏറെ ഇഷ്ടപ്പെട്ടിരുന്നു മുൻപ്. എന്നാലിന്ന് ആൾക്കൂട്ടത്തിനിടയിലും മൌനം ഭജിക്കാനാണ് മനസ്സ് തുടിക്കുന്നത്. ഇതെന്റെ പരാജയമാണോ?


ചിന്തകൾ എന്നെ വേട്ടയാടുന്നു, ചുറ്റുപാടുകൾ എന്നെ വേദനിപ്പിക്കുന്നു. ഓരോ ദിനവും ജീവിതത്തിന്റെ അർത്ഥമില്ലായ്മയെക്കുറിച്ച് എന്നെ ഓർമ്മിപ്പിക്കുന്നു. ഇനിയും ഉണങ്ങാത്ത മുറിവുകൾ - അവയാണോ ഇന്നത്തെ ഈ അവസ്ഥക്കു കാരണം? അതോ പുതുതായി ഉണ്ടായിക്കൊണ്ടിരിക്കുന്ന മുറിവുകളോ???

ജീവിതം നിരർത്ഥകമാണെന്ന തിരിച്ചറിവിലേയ്ക്ക് മനസ്സ് പതിയെ തിരിഞ്ഞു തുടങ്ങിയിരിക്കുന്നു. ഇല്ല… എനിക്കാവുന്നില്ല… ഒന്നിനും.

സ്നേഹം ഒരു മരീചിക മാത്രമായി അവശേഷിക്കുന്നു. കപടതകളുടെ ഓരോ മുഖവും പിച്ചിച്ചീന്തപ്പെടുമ്പോൾ എന്റെ മനസ്സിലും അതിന്റെ വിസ്ഫോടനങ്ങൾ നടക്കുന്നു.

ഏതാണു ശരി, ഏതാണു തെറ്റ് എന്നറിയാതെ മനസ്സു കുഴങ്ങുന്നു. ഏറ്റവുമൊടുവിൽ വിധിയെ പഴിച്ച് സ്വയം എരിഞ്ഞു തീരാനായിരിക്കുമോ യോഗം! അതുമറിയില്ല.

ഇനിയുമൊരു ജന്മമുണ്ടെങ്കിൽ???

എന്തിനിനിയൊരു ജന്മം? വേണ്ടത് മോക്ഷമാണ്. ഇനിയൊരിക്കലും തിരിച്ചു വരാനില്ലാത്ത മോക്ഷം. ജന്മസാഫല്യം!

പ്രതീക്ഷകൾ അവസാനിക്കുന്നില്ല, ആഗ്രഹങ്ങളും… ഇതോ മനുഷ്യൻ!!!!

2010 നവംബർ 13, ശനിയാഴ്‌ച

പാവക്കുഞ്ഞ്

അലമാരക്കുള്ളിലെ പാവക്കുഞ്ഞെന്നെ
നോക്കിച്ചിരിക്കുന്നോ മാടി വിളിക്കുന്നോ
കൌതുകമത്രേ തോന്നിയതാദ്യമെൻ
മനസ്സിൽ വിരിഞ്ഞൊരു മോഹവുമന്നേരം

മെല്ലെ തലോടവേ കണ്ടു ഞാനതിശയം!
അതോരോമനക്കുഞ്ഞായി രൂപമെടുക്കുന്നു
പല്ലില്ലാ മോണയും കാട്ടിച്ചിരിക്കുന്നു
കൈ കാലടിക്കുന്നു, കൊഞ്ചിക്കളിക്കുന്നു
കൊതി കൊണ്ടു മാനസം വാരിയെടുക്കുവാൻ
ഒന്ന് ചുംബിക്കുവാൻ മാറോടണയ്ക്കുവാൻ

ഹൃദയം നിറഞ്ഞൊരു വാത്സല്യ ഭാവത്താൽ
മനം തുള്ളിക്കുതിച്ചതിനെയെടുക്കുവാൻ വെമ്പവേ
പാവക്കുഞ്ഞായത് പിന്നെയും മാറുന്നു
കാണുന്നു പിന്നെയും അലമാരക്കുള്ളിലെ
പാവക്കുഞ്ഞെന്നെ നോക്കിച്ചിരിക്കുന്നു.

2010 ജനുവരി 17, ഞായറാഴ്‌ച

നഷ്ടസൌഹൃദങ്ങള്‍

നഷ്ട സൌഹൃദങ്ങളെ തേടിയാണ്‌ ഇന്നെന്റെ യാത്ര! ജീവിതത്തിലെ ഏറ്റവും മൂല്യവത്തായ സമ്പാദ്യം സൌഹൃദങ്ങളാണെന്ന തിരിച്ചറിവിലാണ്‌ കൈവിട്ടു പോയ അവയെ വീണ്ടെടുക്കാനുള്ള മോഹം ഉള്ളില്‍ അങ്കുരിച്ചത്‌. ഓര്‍ക്കാന്‍ മനസ്സിലെന്നും തിളങ്ങി നില്‍ക്കുന്ന എത്രയോ സൌഹൃദങ്ങള്‍... മുഖങ്ങള്‍... നിമിഷങ്ങള്‍.... ഇത്രയും സന്തോഷഭരിതമായ മറ്റൊരവസരവും ഉണ്ടായിട്ടില്ലെന്നു മനസ്സിലാക്കുമ്പോള്‍ പക്ഷേ, നഷ്ടപ്പെട്ടു പോയ - എങ്ങോ കളഞ്ഞു പോയ - എന്റെ സൌഹൃദങ്ങളുടെ വില ഞാനറിയുന്നു. കാലം തീര്‍ത്ത മുറിപ്പാടുകളും പേറി അലയവേ, അതിലൊരു ആശ്വാസവുമായി അവരെത്തുമെന്ന് - അറിയാതെ - വ്യാമോഹിച്ചു പോകുന്നു.

പ്രിയ സൌഹൃദങ്ങളെ തേടിയുള്ള യാത്രയില്‍ ചിലപ്പോഴെങ്കിലും ആരെയൊക്കെയോ കണ്ടുമുട്ടവേ.... ഇനി ഒരിക്കലും വന്നു ചേരില്ലാത്ത ചില മുഖങ്ങള്‍ ഓര്‍മ്മകളെയും മനസ്സിനെയും വ്രണപ്പെടുത്തിക്കൊണ്ട്‌ മുന്നില്‍ വന്നു നില്‍ക്കുന്നു...പാതിവഴിയിലേ ജീവിതം ഉപേക്ഷിക്കേണ്ടി വന്ന ആ മുഖങ്ങള്‍ മനസ്സില്‍ ഒരു തീവ്രനൊമ്പരമായി അവശേഷിക്കുന്നു, ഒളിമങ്ങാതെ...

എങ്ങു പോയ്‌ നീ പ്രിയ നക്ഷത്രമേ,
എങ്ങു പോയ്‌ മറഞ്ഞു നീ?
ആകാശമേലാപ്പിലോ സ്വര്‍ഗ്ഗത്തോ
ദൈവത്തിന്‍ മടിയിലോ!
നോക്കുന്നുവോ നീ ഞങ്ങളെ
ആകാശമേലാപ്പിതില്‍ നിന്ന്?
എന്തിനായ്‌ പിരിഞ്ഞു നീ ഞങ്ങളെ
അറിയില്ലെനിക്കിന്നും എന്‍ പ്രിയ നക്ഷത്രമേ...
എങ്കിലും തേടുന്നു നിന്നെ ഞാന്‍
ഓരോ നക്ഷത്രവും മാനത്തു തെളിയവേ
എങ്ങു പോയ്‌ നീ പ്രിയ നക്ഷത്രമേ
എങ്ങു പോയ്‌‌ മറഞ്ഞു നീ....

വേര്‍പാടുകളുടെ നൊമ്പരവും പേറി ഓരോ ദിനവും പൊഴിയവേ, നാളെ എന്നൊരു പ്രത്യാശ എന്റെ സ്വപ്നങ്ങളെ തഴുകുന്നു...