2011, മാർച്ച് 26, ശനിയാഴ്‌ച

മനസ്സ്

ഇപ്പോൾ ഞാൻ ശൂന്യമാണ്. അമ്പൊഴിഞ്ഞ ആവനാഴി പോലെ, ആയുധം നഷ്ടപ്പെട്ട പോരാളിയെപ്പോലെ, ദേഹിയെ നഷ്ടപ്പെട്ട ദേഹത്തെപ്പോലെ ഞാനും നഷ്ടപ്പെട്ടിരിക്കുന്നു. ഒരുപക്ഷേ ഇനിയൊരു നാൾ ഞാൻ പുനർജ്ജനിച്ചേക്കാം.മനസ്സു വീണ്ടും നിറഞ്ഞേക്കാം.


ഏകാന്തതയെ ഞാനേറെ സ്നേഹിച്ചു തുടങ്ങിയിരിക്കുന്നു. ഏകാന്തമായ ഓരൊ സമയത്തും വാചാലയായിരിക്കാൻ ഏറെ ഇഷ്ടപ്പെട്ടിരുന്നു മുൻപ്. എന്നാലിന്ന് ആൾക്കൂട്ടത്തിനിടയിലും മൌനം ഭജിക്കാനാണ് മനസ്സ് തുടിക്കുന്നത്. ഇതെന്റെ പരാജയമാണോ?


ചിന്തകൾ എന്നെ വേട്ടയാടുന്നു, ചുറ്റുപാടുകൾ എന്നെ വേദനിപ്പിക്കുന്നു. ഓരോ ദിനവും ജീവിതത്തിന്റെ അർത്ഥമില്ലായ്മയെക്കുറിച്ച് എന്നെ ഓർമ്മിപ്പിക്കുന്നു. ഇനിയും ഉണങ്ങാത്ത മുറിവുകൾ - അവയാണോ ഇന്നത്തെ ഈ അവസ്ഥക്കു കാരണം? അതോ പുതുതായി ഉണ്ടായിക്കൊണ്ടിരിക്കുന്ന മുറിവുകളോ???

ജീവിതം നിരർത്ഥകമാണെന്ന തിരിച്ചറിവിലേയ്ക്ക് മനസ്സ് പതിയെ തിരിഞ്ഞു തുടങ്ങിയിരിക്കുന്നു. ഇല്ല… എനിക്കാവുന്നില്ല… ഒന്നിനും.

സ്നേഹം ഒരു മരീചിക മാത്രമായി അവശേഷിക്കുന്നു. കപടതകളുടെ ഓരോ മുഖവും പിച്ചിച്ചീന്തപ്പെടുമ്പോൾ എന്റെ മനസ്സിലും അതിന്റെ വിസ്ഫോടനങ്ങൾ നടക്കുന്നു.

ഏതാണു ശരി, ഏതാണു തെറ്റ് എന്നറിയാതെ മനസ്സു കുഴങ്ങുന്നു. ഏറ്റവുമൊടുവിൽ വിധിയെ പഴിച്ച് സ്വയം എരിഞ്ഞു തീരാനായിരിക്കുമോ യോഗം! അതുമറിയില്ല.

ഇനിയുമൊരു ജന്മമുണ്ടെങ്കിൽ???

എന്തിനിനിയൊരു ജന്മം? വേണ്ടത് മോക്ഷമാണ്. ഇനിയൊരിക്കലും തിരിച്ചു വരാനില്ലാത്ത മോക്ഷം. ജന്മസാഫല്യം!

പ്രതീക്ഷകൾ അവസാനിക്കുന്നില്ല, ആഗ്രഹങ്ങളും… ഇതോ മനുഷ്യൻ!!!!