2015, ജൂലൈ 19, ഞായറാഴ്‌ച

എനിക്കിഷ്ടമാണ്,
ശാന്ത സുന്ദരമായ ഈ നിശ്ചലതയിൽ ഒറ്റക്കിരിക്കാ‍ാൻ.
മനസ്സു മടുപ്പിക്കുന്ന നാട്യങ്ങളിൽ നിന്നകന്ന്,
എന്നിലേക്കു തന്നെ ചുരുങ്ങിക്കൂടാൻ
എന്നിലെ എന്നോടു തന്നെ കൂട്ടു കൂടാൻ
ഞാൻ ഞാനായി തന്നെ ഇരിക്കാൻ.
സ്വയമേവ തീർക്കുന്ന
ഏകാന്തതയുടെ മധുരം നുണഞ്ഞിറക്കാൻ,
ഈ പ്രകൃതിയും ഞാനും മാത്രമായിരുന്ന് സംവദിക്കാൻ.
എനിക്കിഷ്ടമാണ്,
ഈ ഏകാന്തതയെ... ഈ നിശ്ചലതയെ...

2015, ജൂലൈ 1, ബുധനാഴ്‌ച

വിചിത്രങ്ങളാണ് പലപ്പോഴും ജീവിതം... ഒരു തുലാസ്സിലെന്ന വണ്ണം ആടിയുലഞ്ഞു കൊണ്ടിരിക്കുന്ന ജീവിതത്തെ പിടിച്ചു നിർത്താൻ പലരും പല വഴിയിലൂടെ ശ്രമിക്കുന്നു... ചിലർ അതിൽ വിജയിക്കുന്നു... ചിലർ പരാജയപ്പെടുന്നു... ഇനിയും ചിലർ എന്തു ചെയ്യണമെന്നറിയാതെ ഉഴറുന്നു....എല്ലാം ഈശ്വരനിൽ അഥവാ വിധിയ്ക്കു സമർപ്പിച്ചു പൂർണ്ണമായ ഒരു കീഴടങ്ങൽ.... അതിനിടയിലെപ്പോഴോ, ഒരു കച്ചിത്തുരുമ്പു പോലെ ചിലതൊക്കെ വീണു കിട്ടുന്നു... ചില സൌഹൃദങ്ങളും അങ്ങനെ ആണ്... പ്രതീക്ഷ അറ്റവന് ഈശ്വരൻ കനിഞ്ഞു നൽകുന്ന സ്നേഹം... ആ സൌഹൃദം ദൈവീകമാണ് ... തളർന്നു പോകുന്ന അവസരങ്ങളിൽ ഒരു കൈത്താങ്ങായി... ഒരു അമ്മയായി, സുഹൃത്തായി, സാഹോദര്യമായി... പലപ്പോഴും ഒരു തീരുമാനമെടുക്കാ‍ാനാവാതെ പകച്ചു നിൽക്കുമ്പോൾ മാർഗദർശിയായി... പല ഭാവങ്ങളിൽ... പല വേഷങ്ങളിൽ... പല രൂപങ്ങളിൽ... ജീവിക്കാൻ അവനെ പ്രേരിപ്പിക്കുന്ന ഘടകം... ഏതൊരാൾക്കും ജീവിതത്തിൽ ഏതെങ്കിലും ഒരു സന്ദർഭത്തിൽ അത്തരം ഒരു സുഹൃത്തിന്റെ സാന്നിദ്ധ്യം അവശ്യം തന്നെ... നാം പോലുമറിയാതെ അവർ യഥാ സമയത്ത് നമ്മളിലേക്കെത്തുന്നു...അത്രയും നാൾ നമ്മുടെ അടുത്തുണ്ടായിട്ടും നാം തിരിച്ചറിയാതെ പോകുന്നു... ഇന്നത്തെ കാലത്ത് അത്തരം സൌഹൃദങ്ങൾ ലഭിക്കുക എന്നത് സുകൃതം ചെയ്തവർക്കു മാത്രം ലഭിക്കുന്ന സൌഭാഗ്യം...
വർഷങ്ങൾക്കിപ്പുറം....അസുലഭ സുന്ദരമായ എന്റെ സൌഹൃദക്കൂട്ടായ്മ എനിക്കു തിരിച്ചു കിട്ടിയിരിക്കുന്നു ... വിക്രമ, ആദിത്യന്മാരും പിന്നെ ഈ പാവം വേതാളവും ചേർന്ന പരസ്പര പൂരകങ്ങളായ ഈ സൌഹൃദത്തിനെന്നും പ്രായം മധുരപ്പതിനേഴ്....
കണ്മുന്നിൽ ഒരു ജീവിതം തകരുന്നതു നിസ്സഹായയായി നോക്കി നിൽക്കേണ്ടി വരുന്ന ഒരു അവസ്ഥയിലാണ് ഈ കുറിപ്പ്:
പലപ്പോഴും ഒന്നു സഹായിക്കാൻ പോലുമാവില്ല... കേവലം മൂന്നാമതൊരാൾ മാത്രമായി നിൽക്കേണ്ടി വരും...
കുടുംബത്തിലെ ഒരംഗത്തിന്റെ അമിതമായ മൃഗസ്നേഹം അതേ കുടുംബത്തിലെ മറ്റു അംഗങ്ങളുടെ ജീവിതം ദുസ്സഹമാക്കുന്ന കാഴ്ച ഒരുപാട് വേദന ഉളവാക്കുന്നതാണ്. മൃഗസ്നേഹം നല്ലതു തന്നെ. എനിക്കും ഉണ്ട് അവയോടു സ്നേഹം. പക്ഷേ, സ്വന്തം കുടുംബം നശിപ്പിച്ചിട്ടു വേണോ ഈ സ്നേഹം എന്നെ ഞാൻ അതിശയിക്കുന്നുള്ളൂ..

ഒരു മൃഗശാലയാക്കേണ്ടതാണോ വീട്? സ്വന്തം ജീവിത പങ്കാളിയേയും, മക്കളെയും മനസ്സിലാക്കാൻ കഴിയാത്ത... അവരെ അവരർഹിക്കുന്ന വിധം സ്നേഹിക്കാൻ കഴിയാത്ത ഒരു വ്യക്തിക്കു വാസ്തവത്തിൽ ഈ പറയുന്ന മൃഗസ്നേഹം ഉണ്ടോ അല്ലെങ്കിൽ സ്നേഹത്തെ പറ്റി പറയാൻ എന്തെങ്കിലും അർഹത ഉണ്ടോ എന്നു ഞാൻ സംശയിക്കുന്നു.
സ്വന്തം കുടുംബത്തിന് അർഹിക്കുന്ന പരിഗണന നൽകിയതിനു ശേഷം, താൻ അവരോടു ചെയ്യേണ്ട കർത്തവ്യങ്ങൾ ചെയ്തതിനു ശേഷം, ആയിക്കൂടേ ഈ മൃഗസ്നേഹം എന്നു മാത്രമേ ഈ അല്പബുദ്ധിക്കു ചോദിക്കാനുള്ളൂ.
എന്റെ കാഴ്ചപ്പാടിൽ... രണ്ടു തരം പ്രശ്നങ്ങൾ ആണ് സാധാരണ മനുഷ്യനു നേരിടേണ്ടി വരുന്നതു.
ഒന്നു, മനുഷ്യൻ വിചാരിച്ചാൽ തീരാവുന്ന പ്രശ്നങ്ങൾ...
രണ്ടാമത്തേത്, മനുഷ്യന്റെ പരിധിക്കും അപ്പുറമുള്ളവ. അവിടെ ഈശ്വരൻ എന്ന മഹദ്സാന്നിധ്യത്തിൽ സർവം സമർപ്പിച്ച് വിധിക്കായി വിട്ടു കൊടുക്കാം.
എന്നാൽ ഒന്നാമത്തേത്.... പ്രശ്നങ്ങൾ സൃഷ്ടിക്കുകയും അവയിൽ നിന്നു മുക്തി നേടാനുള്ള യാതൊരു വിധത്തിലുള്ള ശ്രമങ്ങളൂം അവൻ നടത്താതിരിക്കുകയും ചെയ്യുന്നു എന്നുള്ളതാണ്. അങ്ങനെ ചെയ്താൽ തന്നെ ഈ ലോകത്തിലെ മുക്കാൽ പങ്കു പ്രശ്നങ്ങളും തീരും. സ്വന്തം സ്വാർത്ഥ താല്പര്യങ്ങൾക്കു മുൻ‌തൂക്കം നൽകിക്കോളൂ, പക്ഷേ, അതിനു മറ്റുള്ളവരെ കൂടി ബലിയാടാക്കണോ!!!

2013, ഓഗസ്റ്റ് 2, വെള്ളിയാഴ്‌ച

കലിയുഗത്തിലെ അഹല്യ

കലിയുഗത്തിലെ അഹല്യയാണു ഞാൻ!
ശീതീകരിച്ച മുറിയിലെ ഏകാന്തതയിൽ
 ബാഹ്യലോകത്തിൽ നിന്ന് വേറുപെട്ടു
 കൊടും തപസ്സിലേർപ്പെട്ട ഏകാകിനി ...
രാമപാദസ്പർശന പുണ്യവും തേടി
ധ്യാനലീനയായിരിക്കുന്ന യോഗിനി...
പ്രിയരാമാ വരിക,
കലിയുഗത്തിൻ  സന്തതിയാകുമീ-
യഹല്യക്കു മോക്ഷം തരിക!

2013, ഏപ്രിൽ 29, തിങ്കളാഴ്‌ച

മഴ...

മഴ...
പ്രണയാതുരമായ എന്റെ മനസ്സിനെ തൊട്ടുണർത്തുന്ന എകാന്തസംഗീതം...
കാവ്യമായ്, നാട്യമായ്... അവളിന്നലെ എന്നിലേക്കു പെയ്തിറങ്ങി...
കണ്ണിനും മനസ്സിനും ആനന്ദം വരുമാറ്‌...................... ....
കാതുകൾക്ക് ഇമ്പം പകരുമാറ് നിറഞ്ഞാടി...
ആ പാദധ്വനികൾക്ക് ഏഴു സ്വരങ്ങളായിരുന്നു...
മിഴികളിൽ ഏഴു വർണ്ണങ്ങളായിരുന്നു...


2013, ഏപ്രിൽ 27, ശനിയാഴ്‌ച

ഒരു തുള്ളി ....

ഒരു തുള്ളി കണ്ണീർ എനിയ്ക്കു വേണ്ടാ...
ഒരു തരി സ്നേഹവും എനിയ്ക്ക് വേണ്ടാ...
വേണ്ടതോ കേവലം മണ്ണു മാത്രം...
മയങ്ങാനൊരു പിടി മണ്ണു മാത്രം.