2010, ജനുവരി 17, ഞായറാഴ്‌ച

നഷ്ടസൌഹൃദങ്ങള്‍

നഷ്ട സൌഹൃദങ്ങളെ തേടിയാണ്‌ ഇന്നെന്റെ യാത്ര! ജീവിതത്തിലെ ഏറ്റവും മൂല്യവത്തായ സമ്പാദ്യം സൌഹൃദങ്ങളാണെന്ന തിരിച്ചറിവിലാണ്‌ കൈവിട്ടു പോയ അവയെ വീണ്ടെടുക്കാനുള്ള മോഹം ഉള്ളില്‍ അങ്കുരിച്ചത്‌. ഓര്‍ക്കാന്‍ മനസ്സിലെന്നും തിളങ്ങി നില്‍ക്കുന്ന എത്രയോ സൌഹൃദങ്ങള്‍... മുഖങ്ങള്‍... നിമിഷങ്ങള്‍.... ഇത്രയും സന്തോഷഭരിതമായ മറ്റൊരവസരവും ഉണ്ടായിട്ടില്ലെന്നു മനസ്സിലാക്കുമ്പോള്‍ പക്ഷേ, നഷ്ടപ്പെട്ടു പോയ - എങ്ങോ കളഞ്ഞു പോയ - എന്റെ സൌഹൃദങ്ങളുടെ വില ഞാനറിയുന്നു. കാലം തീര്‍ത്ത മുറിപ്പാടുകളും പേറി അലയവേ, അതിലൊരു ആശ്വാസവുമായി അവരെത്തുമെന്ന് - അറിയാതെ - വ്യാമോഹിച്ചു പോകുന്നു.

പ്രിയ സൌഹൃദങ്ങളെ തേടിയുള്ള യാത്രയില്‍ ചിലപ്പോഴെങ്കിലും ആരെയൊക്കെയോ കണ്ടുമുട്ടവേ.... ഇനി ഒരിക്കലും വന്നു ചേരില്ലാത്ത ചില മുഖങ്ങള്‍ ഓര്‍മ്മകളെയും മനസ്സിനെയും വ്രണപ്പെടുത്തിക്കൊണ്ട്‌ മുന്നില്‍ വന്നു നില്‍ക്കുന്നു...പാതിവഴിയിലേ ജീവിതം ഉപേക്ഷിക്കേണ്ടി വന്ന ആ മുഖങ്ങള്‍ മനസ്സില്‍ ഒരു തീവ്രനൊമ്പരമായി അവശേഷിക്കുന്നു, ഒളിമങ്ങാതെ...

എങ്ങു പോയ്‌ നീ പ്രിയ നക്ഷത്രമേ,
എങ്ങു പോയ്‌ മറഞ്ഞു നീ?
ആകാശമേലാപ്പിലോ സ്വര്‍ഗ്ഗത്തോ
ദൈവത്തിന്‍ മടിയിലോ!
നോക്കുന്നുവോ നീ ഞങ്ങളെ
ആകാശമേലാപ്പിതില്‍ നിന്ന്?
എന്തിനായ്‌ പിരിഞ്ഞു നീ ഞങ്ങളെ
അറിയില്ലെനിക്കിന്നും എന്‍ പ്രിയ നക്ഷത്രമേ...
എങ്കിലും തേടുന്നു നിന്നെ ഞാന്‍
ഓരോ നക്ഷത്രവും മാനത്തു തെളിയവേ
എങ്ങു പോയ്‌ നീ പ്രിയ നക്ഷത്രമേ
എങ്ങു പോയ്‌‌ മറഞ്ഞു നീ....

വേര്‍പാടുകളുടെ നൊമ്പരവും പേറി ഓരോ ദിനവും പൊഴിയവേ, നാളെ എന്നൊരു പ്രത്യാശ എന്റെ സ്വപ്നങ്ങളെ തഴുകുന്നു...

2 അഭിപ്രായങ്ങൾ:

  1. ആ നക്ഷത്രങ്ങള്‍ ഇനിയും തെളിയും എന്ന് തന്നെ ആശിയ്ക്കാം.

    നല്ല സൌഹൃദങ്ങള്‍ നഷ്ടപ്പെടാതിരിയ്ക്കട്ടെ!

    മറുപടിഇല്ലാതാക്കൂ
  2. ശ്രീയേട്ടന്‍ പറഞ്ഞ പോലെ
    നല്ല സൌഹൃദങ്ങള്‍ നഷ്ടപ്പെടാതിരിയ്ക്കട്ടെ!

    മറുപടിഇല്ലാതാക്കൂ