2015 ജൂലൈ 1, ബുധനാഴ്‌ച

കണ്മുന്നിൽ ഒരു ജീവിതം തകരുന്നതു നിസ്സഹായയായി നോക്കി നിൽക്കേണ്ടി വരുന്ന ഒരു അവസ്ഥയിലാണ് ഈ കുറിപ്പ്:
പലപ്പോഴും ഒന്നു സഹായിക്കാൻ പോലുമാവില്ല... കേവലം മൂന്നാമതൊരാൾ മാത്രമായി നിൽക്കേണ്ടി വരും...
കുടുംബത്തിലെ ഒരംഗത്തിന്റെ അമിതമായ മൃഗസ്നേഹം അതേ കുടുംബത്തിലെ മറ്റു അംഗങ്ങളുടെ ജീവിതം ദുസ്സഹമാക്കുന്ന കാഴ്ച ഒരുപാട് വേദന ഉളവാക്കുന്നതാണ്. മൃഗസ്നേഹം നല്ലതു തന്നെ. എനിക്കും ഉണ്ട് അവയോടു സ്നേഹം. പക്ഷേ, സ്വന്തം കുടുംബം നശിപ്പിച്ചിട്ടു വേണോ ഈ സ്നേഹം എന്നെ ഞാൻ അതിശയിക്കുന്നുള്ളൂ..

ഒരു മൃഗശാലയാക്കേണ്ടതാണോ വീട്? സ്വന്തം ജീവിത പങ്കാളിയേയും, മക്കളെയും മനസ്സിലാക്കാൻ കഴിയാത്ത... അവരെ അവരർഹിക്കുന്ന വിധം സ്നേഹിക്കാൻ കഴിയാത്ത ഒരു വ്യക്തിക്കു വാസ്തവത്തിൽ ഈ പറയുന്ന മൃഗസ്നേഹം ഉണ്ടോ അല്ലെങ്കിൽ സ്നേഹത്തെ പറ്റി പറയാൻ എന്തെങ്കിലും അർഹത ഉണ്ടോ എന്നു ഞാൻ സംശയിക്കുന്നു.
സ്വന്തം കുടുംബത്തിന് അർഹിക്കുന്ന പരിഗണന നൽകിയതിനു ശേഷം, താൻ അവരോടു ചെയ്യേണ്ട കർത്തവ്യങ്ങൾ ചെയ്തതിനു ശേഷം, ആയിക്കൂടേ ഈ മൃഗസ്നേഹം എന്നു മാത്രമേ ഈ അല്പബുദ്ധിക്കു ചോദിക്കാനുള്ളൂ.
എന്റെ കാഴ്ചപ്പാടിൽ... രണ്ടു തരം പ്രശ്നങ്ങൾ ആണ് സാധാരണ മനുഷ്യനു നേരിടേണ്ടി വരുന്നതു.
ഒന്നു, മനുഷ്യൻ വിചാരിച്ചാൽ തീരാവുന്ന പ്രശ്നങ്ങൾ...
രണ്ടാമത്തേത്, മനുഷ്യന്റെ പരിധിക്കും അപ്പുറമുള്ളവ. അവിടെ ഈശ്വരൻ എന്ന മഹദ്സാന്നിധ്യത്തിൽ സർവം സമർപ്പിച്ച് വിധിക്കായി വിട്ടു കൊടുക്കാം.
എന്നാൽ ഒന്നാമത്തേത്.... പ്രശ്നങ്ങൾ സൃഷ്ടിക്കുകയും അവയിൽ നിന്നു മുക്തി നേടാനുള്ള യാതൊരു വിധത്തിലുള്ള ശ്രമങ്ങളൂം അവൻ നടത്താതിരിക്കുകയും ചെയ്യുന്നു എന്നുള്ളതാണ്. അങ്ങനെ ചെയ്താൽ തന്നെ ഈ ലോകത്തിലെ മുക്കാൽ പങ്കു പ്രശ്നങ്ങളും തീരും. സ്വന്തം സ്വാർത്ഥ താല്പര്യങ്ങൾക്കു മുൻ‌തൂക്കം നൽകിക്കോളൂ, പക്ഷേ, അതിനു മറ്റുള്ളവരെ കൂടി ബലിയാടാക്കണോ!!!

2013 ഓഗസ്റ്റ് 2, വെള്ളിയാഴ്‌ച

കലിയുഗത്തിലെ അഹല്യ

കലിയുഗത്തിലെ അഹല്യയാണു ഞാൻ!
ശീതീകരിച്ച മുറിയിലെ ഏകാന്തതയിൽ
 ബാഹ്യലോകത്തിൽ നിന്ന് വേറുപെട്ടു
 കൊടും തപസ്സിലേർപ്പെട്ട ഏകാകിനി ...
രാമപാദസ്പർശന പുണ്യവും തേടി
ധ്യാനലീനയായിരിക്കുന്ന യോഗിനി...
പ്രിയരാമാ വരിക,
കലിയുഗത്തിൻ  സന്തതിയാകുമീ-
യഹല്യക്കു മോക്ഷം തരിക!

2013 ഏപ്രിൽ 29, തിങ്കളാഴ്‌ച

മഴ...

മഴ...
പ്രണയാതുരമായ എന്റെ മനസ്സിനെ തൊട്ടുണർത്തുന്ന എകാന്തസംഗീതം...
കാവ്യമായ്, നാട്യമായ്... അവളിന്നലെ എന്നിലേക്കു പെയ്തിറങ്ങി...
കണ്ണിനും മനസ്സിനും ആനന്ദം വരുമാറ്‌...................... ....
കാതുകൾക്ക് ഇമ്പം പകരുമാറ് നിറഞ്ഞാടി...
ആ പാദധ്വനികൾക്ക് ഏഴു സ്വരങ്ങളായിരുന്നു...
മിഴികളിൽ ഏഴു വർണ്ണങ്ങളായിരുന്നു...


2013 ഏപ്രിൽ 27, ശനിയാഴ്‌ച

ഒരു തുള്ളി ....

ഒരു തുള്ളി കണ്ണീർ എനിയ്ക്കു വേണ്ടാ...
ഒരു തരി സ്നേഹവും എനിയ്ക്ക് വേണ്ടാ...
വേണ്ടതോ കേവലം മണ്ണു മാത്രം...
മയങ്ങാനൊരു പിടി മണ്ണു മാത്രം. 

2012 നവംബർ 5, തിങ്കളാഴ്‌ച

എന്റെ സ്വത്വത്തെ....

എന്റെ സ്വത്വത്തെ തേടി ഞാനലയുന്നു...
എങ്ങോ കളഞ്ഞു പോയ എന്നിലെ ഉണ്മയെ ഞാൻ തിരയുന്നു...
എവിടെയാണ് ഞാനെന്നെ മറന്നത്??!!
കിളിപ്പാട്ടും കൊഞ്ചലുമായ് നടന്നൊരെൻ മനസ്സേ,
ഇനിയും നിന്നെ പുണരാൻ ഞാൻ കൊതിക്കുന്നു...

2011 ഏപ്രിൽ 4, തിങ്കളാഴ്‌ച

രാധിക

കണ്ണന്റെ കാതരപ്രേമമാം രാധേ നീ
എന്നുമെന്നോർമ്മയിൽ തങ്ങി നിൽ‌പ്പൂ
നിൻ ഭാഗ്യ താരകം നിന്നെ പിരിഞ്ഞിതേ
ദ്വാരക തേടിയോ പോയതിന്ന് ?

വിരഹിയാം നിന്നുടെ വേദന ഞാനിന്നു
ആവാഹിക്കുന്നിതെന്നാത്മാവിലും
ആത്മനാഥൻ തന്നെ പോയിതേ – എന്നെയും
നിന്നെപ്പോൽ ചിന്തയിൽ ഏകയാക്കി

2011 മാർച്ച് 26, ശനിയാഴ്‌ച

മനസ്സ്

ഇപ്പോൾ ഞാൻ ശൂന്യമാണ്. അമ്പൊഴിഞ്ഞ ആവനാഴി പോലെ, ആയുധം നഷ്ടപ്പെട്ട പോരാളിയെപ്പോലെ, ദേഹിയെ നഷ്ടപ്പെട്ട ദേഹത്തെപ്പോലെ ഞാനും നഷ്ടപ്പെട്ടിരിക്കുന്നു. ഒരുപക്ഷേ ഇനിയൊരു നാൾ ഞാൻ പുനർജ്ജനിച്ചേക്കാം.മനസ്സു വീണ്ടും നിറഞ്ഞേക്കാം.


ഏകാന്തതയെ ഞാനേറെ സ്നേഹിച്ചു തുടങ്ങിയിരിക്കുന്നു. ഏകാന്തമായ ഓരൊ സമയത്തും വാചാലയായിരിക്കാൻ ഏറെ ഇഷ്ടപ്പെട്ടിരുന്നു മുൻപ്. എന്നാലിന്ന് ആൾക്കൂട്ടത്തിനിടയിലും മൌനം ഭജിക്കാനാണ് മനസ്സ് തുടിക്കുന്നത്. ഇതെന്റെ പരാജയമാണോ?


ചിന്തകൾ എന്നെ വേട്ടയാടുന്നു, ചുറ്റുപാടുകൾ എന്നെ വേദനിപ്പിക്കുന്നു. ഓരോ ദിനവും ജീവിതത്തിന്റെ അർത്ഥമില്ലായ്മയെക്കുറിച്ച് എന്നെ ഓർമ്മിപ്പിക്കുന്നു. ഇനിയും ഉണങ്ങാത്ത മുറിവുകൾ - അവയാണോ ഇന്നത്തെ ഈ അവസ്ഥക്കു കാരണം? അതോ പുതുതായി ഉണ്ടായിക്കൊണ്ടിരിക്കുന്ന മുറിവുകളോ???

ജീവിതം നിരർത്ഥകമാണെന്ന തിരിച്ചറിവിലേയ്ക്ക് മനസ്സ് പതിയെ തിരിഞ്ഞു തുടങ്ങിയിരിക്കുന്നു. ഇല്ല… എനിക്കാവുന്നില്ല… ഒന്നിനും.

സ്നേഹം ഒരു മരീചിക മാത്രമായി അവശേഷിക്കുന്നു. കപടതകളുടെ ഓരോ മുഖവും പിച്ചിച്ചീന്തപ്പെടുമ്പോൾ എന്റെ മനസ്സിലും അതിന്റെ വിസ്ഫോടനങ്ങൾ നടക്കുന്നു.

ഏതാണു ശരി, ഏതാണു തെറ്റ് എന്നറിയാതെ മനസ്സു കുഴങ്ങുന്നു. ഏറ്റവുമൊടുവിൽ വിധിയെ പഴിച്ച് സ്വയം എരിഞ്ഞു തീരാനായിരിക്കുമോ യോഗം! അതുമറിയില്ല.

ഇനിയുമൊരു ജന്മമുണ്ടെങ്കിൽ???

എന്തിനിനിയൊരു ജന്മം? വേണ്ടത് മോക്ഷമാണ്. ഇനിയൊരിക്കലും തിരിച്ചു വരാനില്ലാത്ത മോക്ഷം. ജന്മസാഫല്യം!

പ്രതീക്ഷകൾ അവസാനിക്കുന്നില്ല, ആഗ്രഹങ്ങളും… ഇതോ മനുഷ്യൻ!!!!