2010, ജനുവരി 11, തിങ്കളാഴ്‌ച

എന്റെ പുഴ

ഓര്‍മ്മകള്‍ ബാല്യത്തിലേക്ക് തിരിച്ചു നടക്കുമ്പോള്‍ ആദ്യം കാണുന്നത് ഞങ്ങളുടെ പ്രിയപ്പെട്ട പുഴയെ തന്നെയാണ്. ഞങ്ങള്‍ ഞങ്ങളുടെ ബാല്യത്തില്‍ നീന്തിത്തുടിച്ചു കളിച്ച ഞങ്ങളുടെ പ്രിയസഖി. ഞങ്ങള്‍ അവളെ പലപ്പോള്‍ പല പേരുകളില്‍ വിളിച്ചു. ചിലപ്പോള്‍ ഞങ്ങളുടെ സഖിയായി, മറ്റു ചിലപ്പോള്‍ ഞങ്ങളവളെ ഞങ്ങളുടെ പുഴ മുത്തശ്ശി എന്നും വിളിച്ചു.

ഞങ്ങള്‍ ആ പുഴയുടെ ശാന്തതയെ ഒരുപാട് തകര്‍ത്തിട്ടുണ്ട്. പക്ഷെ അതെല്ലാം ഞങ്ങളോടൊപ്പം ചേര്‍ന്ന് അവള്‍ ആസ്വദിച്ചു. ഞങ്ങളുടെ പ്രിയ കളിക്കൂട്ടുകാരിയായി... എന്നും ഞങ്ങളുടെ കൂടെ തന്നെ അവള്‍ ഉണ്ടായിരുന്നു... ഞങ്ങളെ തളര്‍ത്താന്‍ വില്ലന്മാരെന്ന പോലെ വലിയ വലിയ കല്ലുകള്‍ അവളുടെ അടിത്തട്ടില്‍ ഒളിച്ചു നിന്നു.. പലപ്പോളും അവര്‍ ഞങ്ങളുടെ ചോര കുടിച്ചു... ഞങ്ങളെ വേദനിപ്പിച്ചു.. അതൊന്നും പക്ഷേ ഞങ്ങളെ പിന്തിരിപ്പിക്കാന്‍ പോന്നതായിരുന്നില്ല... ഞങ്ങളുടെ ആ ചോരപ്പാടുകളെ അവള്‍ അവളുടെ സ്നേഹ ജലം കൊണ്ടു കഴുകി തന്നു... ഞങ്ങളുടെ മുറിവൊപ്പി...ഞങ്ങളുടെ വേദനകളും സന്തോഷങ്ങളും അവളുടെയുമായി... സന്തോഷത്തോടെ അവളതു പങ്കു വക്കാന്‍ തയ്യാറായി എന്നും ഞങ്ങളോടൊപ്പം വന്നു...പക്ഷെ ഞങ്ങളോ? വളരുന്നതോടൊപ്പം ഞങ്ങള്‍ പല പല വഴിക്ക് തിരിഞ്ഞു... ജീവിത പ്രാരബ്ധത്തിന്റെ മാറാപ്പുകളും ഏന്തി...

ഇന്നവള്‍ ശാന്തമായി ഒഴുകുന്നുണ്ടാവണം... അവളുടെ ശാന്തതയെ തകര്‍ക്കാന്‍ ഞങ്ങളാരും അവിടെ ഇല്ല...ജീവിത പ്രാരബ്ധത്തിന്റെ നെട്ടോട്ടത്തില്‍ അവളെ പലരും മറന്നു..അതോ, മറന്നതായി നടിച്ചു... ഇനി അഥവാ ആഗ്രഹിച്ചാലും ഓടിയെത്താന്‍ മാത്രം ഞങ്ങളാരും അടുത്ത് പോലും ഇല്ലല്ലോ...

എങ്കിലും ഗ്രാമത്തിന്റെ ആ സ്വച്ഛതയിലേയ്ക്ക്‌ മടങ്ങാന്‍ ചിലപ്പോളെങ്കിലും ഞങ്ങളുടെ മനസ്സ് ഒരുപാട് മോഹിക്കുന്നുണ്ട്‌. ഞങ്ങളുടെ കഥകള്‍ കേള്‍ക്കാന്‍ ആ പുഴമുത്തശ്ശിയും കൊതിക്കുന്നുണ്ടാവണം . ആ കുളിരിനെ വാരിപ്പുണര്‍ന്ന് മനസ്സിന്റെ ഭാരങ്ങളെല്ലാം ഇറക്കി വച്ച് ഒന്ന് സ്വസ്ഥമാവാന്‍ ചിലപ്പോളെങ്കിലും ഞങ്ങളുടെ മനസ്സും ആശിച്ചു പോവാറുണ്ട്‌ .

എത്രയോ പേരുടെ മോഹങ്ങളും മോഹഭംഗങ്ങളും സന്തോഷവും സങ്കടവും പേറിയാണ് ആ പുഴമുത്തശ്ശിയുടെ യാത്ര! പോകുന്നിടത്തെല്ലാം എല്ലാവരെയും ആനന്ദിപ്പിച്ച്‌, അവരുടെ കണ്ണീരൊപ്പി എല്ലാം ഏറ്റെടുത്തു കൊണ്ടുള്ള യാത്ര!

ഒരു കൊച്ചു കുഞ്ഞിനെപ്പോലെ ചിലപ്പോളെല്ലാം തന്റെ പാദസരങ്ങള്‍ കിലുക്കി അങ്ങനെ ഒഴുകുന്നത്‌ കാണാന്‍ എന്ത് ഭംഗിയാണ്! അതങ്ങനെ നോക്കി നില്‍ക്കവേ അതിലൊരു തിരയായി തീര്‍ന്നെങ്കിലെന്നു കൊതിക്കാത്തവര്‍ ആരുണ്ട്? ശിലയെ അലിയിക്കാന്‍ പോലും ശക്തിയുള്ള ഈ സുന്ദരിയുടെ അടുത്ത് ആര്‍ക്കു പിടിച്ചു നില്‍ക്കാനാകും?

അങ്ങനെയുള്ള ഈ പുഴയെ ഞങ്ങളുടെ പ്രിയ തോഴിയെന്ന് സഹപാഠികളുടെ മുന്നില്‍ ഒരല്പം ഗര്‍വ്വോടെ തന്നെ ഞങ്ങള്‍ അവതരിപ്പിച്ചിരുന്നു.. ചിലരെങ്കിലും അതില്‍ അസൂയ പൂണ്ടു നിന്നത് കള്ളക്കണ്ണു കൊണ്ടു വീക്ഷിച്ചു ഞങ്ങള്‍ ഗൂഢമായി ആനന്ദിച്ചിരുന്നു...

ഒരു പക്ഷെ ഇന്നും...

2 അഭിപ്രായങ്ങൾ: